( ഓണമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കഥ )
പുൽപ്പള്ളി ടൗണിൽ നിന്ന് ബത്തേരിക്കുള്ള ബസ് പിടിക്കണം അതാണ് ലക്ഷ്യം. മീനങ്ങാടിയിലെ എൻറെ സ്വന്തം വീട്ടിലേക്കാണ് പോവേണ്ടത്. നേരിട്ടുള്ള ബസ് ഉണ്ട്. എന്നാലും പുൽപ്പള്ളി സുൽത്താൻബത്തേരി റോഡിൻറെ മനോഹാരിത നമ്മെ വീണ്ടും വീണ്ടും കാണുവാനായി കൊതിപ്പിക്കും. കാറിൽ കൊണ്ടോവാം എന്ന് ആള് എന്നോട് പറഞ്ഞതാണ്. പക്ഷേ വേണ്ടെന്ന് ഞാൻ പറഞ്ഞു. കാറിൽ ഇരുന്നു കൊണ്ടുള്ള കാടിൻറെ കാഴ്ചയും ബസ്സിൽ ഇരുന്നുകൊണ്ടുള്ള നേർക്കാഴ്ചയും വല്യ വ്യത്യാസമുണ്ട്. രണ്ടും രണ്ടു തരത്തിൽ ആസ്വദിക്കാൻ പറ്റുന്നവയാണ്. മാൻ കൂട്ടവും, ഇണയോടൊപ്പം ഉള്ള ആൺമയിലും, ഇടക്കി കൂട്ടാനകളോ ഒറ്റയാനയോ ഏതെങ്കിലും ഒന്ന് ഉറപ്പായും കാണാം. ഒപ്പം തണുത്ത കാറ്റും നനുത്ത തണുപ്പും കാടിൻറെ മാത്രം ഈണവുമൊക്കെ ആസ്വദിക്കാം…
കല്യാണം കഴിഞ്ഞതിനു ശേഷമുള്ള 14 വർഷത്തെ ഓണവും ആളുടെ വീട്ടിൽ വച്ചായിരുന്നു..ജന്മം തന്ന അച്ഛനും അമ്മയും വീട്ടിൽ മക്കളും മരുമക്കളും പേരക്കുട്ടികളൊന്നുമില്ലാതെ ഓണം ആഘോഷിക്കേണ്ടി വരുന്ന അവസ്ഥ ഓർക്കുമ്പോൾ നന്നായി വേദനിക്കാറുണ്ട്… അനിയനും ഓണത്തിന് ലീവില്ലാത്തതുകൊണ്ട് നാട്ടിൽ ഓണം ആഘോഷിക്കാൻ കഴിയില്ലെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്. നിനക്ക് മുൻപേ പ്ലാൻ ചെയ്ത് നിൻറെ മേലുദ്യോഗസ്ഥരെ അറിയിച്ചു കൂടെ എന്നുള്ള എന്റെ ചോദ്യത്തിന് നിങ്ങളെല്ലാവരും സമാധാനത്തോടെ നമ്മുടെ രാജ്യത്ത് ഉറങ്ങുന്നുണ്ടെങ്കിൽ ഞങ്ങൾ കുറച്ചുപേർ ഉണർന്നിരിക്കണം എന്ന് എന്നാണ് അനിയൻറെ പക്ഷം.ശരിയാണ് അവർ രാജ്യം കാക്കട്ടെ നമുക്ക് സമാധാനമായി ഉറങ്ങാൻ പറ്റട്ടെ.
ബസ്സിൽ ഗുരുവായൂരപ്പന്റെയും യേശുദേവന്റെയും മക്കയുടേയും പടം ഒറ്റ ഫ്രെയിമിൽ ആലേഖനം ചെയ്ത ഫോട്ടോയിൽ മുല്ലമാല ചാർത്തിയിട്ടുണ്ട്. പുൽപ്പള്ളി കാട്ടിലെ ഓരോ വളവു തിരിക്കുമ്പോഴും അതിനനുസരിച്ച് മാല അങ്ങോട്ടുമിങ്ങോട്ടും ചായുന്നുണ്ട്. മഴ മാറിയത് കൊണ്ട് തന്നെ കാട് ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. എങ്ങും പച്ചപ്പ്… വേനൽക്കാലത്ത് കാട്ടുതീ തടയുന്നതിന് വേണ്ടി ഉണ്ടാക്കിയ ഫയർ ലൈൻ ഒന്നും കാണാനില്ല. മുഴുവനും പുതിയ നാമ്പുകൾക്കായി വഴി മാറി കൊടുത്തിരിക്കുന്നു… ചിലയിടങ്ങളിൽ ചുവന്ന പൂക്കളാൽ അലംകൃതമായ പടുകൂറ്റൻ വൃക്ഷങ്ങൾ , അതിൽ നിന്നുംകൊഴിഞ്ഞ ചുവന്നപൂക്കൾ റോഡിന് ഇരുവശവും പച്ചപ്പുല്ലിൽ വീണു കിടക്കുന്നു… ബസ് റോഡിലൂടെ അങ്ങനെ ഒഴുകി നീങ്ങുകയാണ്…. സുന്ദരമായ യാത്ര! റോഡിൽ മറ്റു വാഹനങ്ങളുടെ തിരക്കോ മറ്റൊന്നുമില്ല.തിരക്ക് പൊതുവേ കുറവുള്ള റോഡാണ് പുൽപ്പള്ളി സുൽത്താൻബത്തേരി റോഡ് .ശരിക്കും നമ്മെ പൊതിയുന്ന ഒരു സന്തോഷം! ഇനിയും ഇനിയും ഇത് ആസ്വദിക്കണമെന്ന് മനസ്സിൽ പറഞ്ഞു. അടുത്ത് ആരോ വന്നിരുന്നപ്പോൾ തിരിഞ്ഞുനോക്കി. ഒരു പ്രായം ചെന്ന അമ്മ! മതിപ്പ് വയസ്സ് ഒരു 60 മുകളിൽ . ദൈവമേ ഇവർ എന്നോട് സംസാരിച്ചു എൻറെ ആസ്വാദനത്തിന് ഒരു തടസ്സം ആവുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട് തിരിഞ്ഞിരിക്കാം.
എൻറെ കണ്ണുകൾ വീണ്ടും കാടിനെയും മരങ്ങളെയും റോഡുകളെയും പുൽകി അങ്ങനെ സഞ്ചരിച്ചു .അതിനിടയിൽ കനമുള്ള എന്തോ എൻറെ കാലിൽ വീണു. അടുത്തിരുന്ന അമ്മയുടെ കയ്യിൽ നിന്നും വീണതാണ്. ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്മച്ചീ… എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ അത് കുനിഞ്ഞ് എടുത്ത് കയ്യിൽ കൊടുക്കാനായി തിരഞ്ഞു.മുഖം ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് വയസ്സായിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളുടേതു പോലെ നൈർമല്യമുള്ള ചിരി. കണ്ണുകളിൽ നക്ഷത്രത്തിളക്കം, നരച്ച മുടി ബോയ് കട്ട് ചെയ്തിട്ടുണ്ട്. ടോപ്പും പലാസോ പാന്റുമാണ് വേഷം. അവർ എന്നോട് സോറി പറയുന്നുണ്ടായിരുന്നു ഒപ്പം താങ്ക്സ് എന്നും. മോള് ബത്തേരിക്ക് ആണോ എന്ന് ചോദിച്ചതിന് ഞാൻ അതേ എന്ന് തലയാട്ടി. സംസാരിച്ചാൽ ശരിയാവില്ല എനിക്ക് കാഴ്ചകളൊക്കെ കാണണം അതുകൊണ്ടുതന്നെ മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. മോൾക്ക് യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ഒക്കെ ഇഷ്ടമാണല്ലേ എന്ന ചോദ്യത്തിന് ഉം അതേ… എന്നു മാത്രം പറഞ്ഞ് അവസാനിപ്പിച്ചു. എനിക്കും ഇഷ്ടമാണ് ട്ടോ… എന്ന മറുപടി കേട്ട് ഞാൻ തിരിഞ്ഞു നോക്കി… മറ്റന്നാൾ ഞാനും ഒരു യാത്ര പോകുന്നുണ്ട്, ലക്ഷദ്വീപിലേക്ക്.. എന്ന് പറഞ്ഞവർ സ്നേഹത്തോടെ എൻറെ കയ്യിൽ പിടിച്ചു. എനിക്ക് അത്ഭുതം തോന്നി ഇത്രയും പ്രായമായിട്ട് അതും ലക്ഷദ്വീപിലേക്ക്! അവിടെ പോണമെങ്കിൽ അത്യാവശ്യം നീന്തൽ അറിയണ്ടേ എന്ന് എന്റെ ചോദ്യത്തിന് ഞാൻ നീന്തൽ പഠിച്ചു! ലക്ഷദ്വീപ് ട്രിപ്പിന് പോകാൻ വേണ്ടി മാത്രമായി ഞാൻ കഴിഞ്ഞ ആറുമാസമായി നീന്തൽ പരിശീലിക്കുന്നുണ്ട് .ഈ തലമുടി വെട്ടി കളഞ്ഞത് പോലും തുടരെത്തുടരെ ജലദോഷം പോലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ്. മഴക്കാലത്ത് പോലും ഞാൻ ഒരു ദിവസം മുടങ്ങാതെ നീന്തൽ പ്രാക്ടീസ് ചെയ്യാനായി പോകും എനിക്ക് 65 വയസ്സായി. പക്ഷേ എന്റെ മനസ്സിന് പ്രായമായിട്ടില്ല അതുകൊണ്ട് തന്നെ ലക്ഷദ്വീപിലേക്ക് പോകണം എന്നതും കടലിൽ നീന്തണം എന്നുമൊക്കെ എൻറെ വലിയ ആഗ്രഹമാണ്. എൻറെ കണ്ണുകൾ മിഴിഞ്ഞു! ആരൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ സോളോ ട്രിപ്പ് ആണെന്ന് പറഞ്ഞു. ഈ അമ്മയ്ക്ക് എന്തൊരു ധൈര്യമാണ്! ഞാൻ ചിന്തിച്ചു പോയി.എൻറെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അമ്മയുടെ മറുപടി വന്നു ബാംഗ്ലൂരിൽ മകളുടെ സപ്പോർട്ടോ കൂടി ഏജൻസി വഴിയാണ് പോകുന്നത് എന്നും യാത്രകൾക്കായി ഒരുക്കൂട്ടിയെ പൈസയും തികയാത്തത് അമേരിക്കയിലുള്ള മകൻ കൊടുത്തതും ഒക്കെ പറഞ്ഞു . എന്നാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ സെപ്റ്റംബർ 5 എന്ന് മറുപടി കേട്ട് എന്ന് ഞാൻ ചോദിച്ചു തിരുവോണം അല്ലേ ആ ദിവസം. തിരുവോണൊമൊക്കെ 65 കൊല്ലം ആഘോഷിച്ചില്ലേ .. ഈ തിരുവോണം യാത്രയിൽ ആഘോഷിക്കാം എന്നും സെപ്റ്റംബർ 4ന് നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്തുള്ള ഹോട്ടലിൽ താമസിച്ച് സെപ്റ്റംബർ 5ന് അതിരാവിലെയുള്ള ഫ്ലൈറ്റിൽ പോകുമെന്നും പറഞ്ഞു. യാത്രയാക്കാൻ അമ്മയുടെഹസ്ബൻഡ് വരുന്നുണ്ടെന്നും പറഞ്ഞു. ട്രിപ്പിന് പോകാനായിട്ടുള്ള ഡ്രസ്സും മറ്റു സാമഗ്രികളും വാങ്ങാനായി ഇറങ്ങിയതാ ബത്തേരിക്ക്. കല്യാണം,കുട്ടികൾ പ്രാരാബ്ധം ,ജോലി ഇതൊന്നും സ്ത്രീകളായ നമ്മുടെ സന്തോഷം ആഗ്രഹം എല്ലാത്തിനെയും കവർന്നെടുക്കും. പക്ഷേ എല്ലാത്തിനും ഇടയിലും നമ്മൾക്ക് സന്തോഷിക്കാൻ നമ്മുടെ ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്തണം. നാം നമ്മെ സ്നേഹിക്കുക.അതിന് വളമായി നമ്മുടെ ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ സ്വപ്നങ്ങൾ നല്ല ചിന്തകൾ ഒക്കെ ചേർക്കാം എന്നും പറഞ്ഞ് എൻറെ ക
വിളിൽ സ്നേഹത്തോടെ തലോടി. എവിടെയെങ്കിലും വെച്ച് ഇനിയും നമുക്ക് കാണാം എന്ന് പറഞ്ഞ് അമ്മ യാത്ര പറഞ്ഞു അതോടൊപ്പം നല്ലൊരു ഓണാശംസകൾ പറയാനും മറന്നില്ല.
ശരിക്കും എത്ര ആഴത്തിലുള്ള വാക്കുകൾ! നമ്മൾ സ്ത്രീകൾ കടമകൾ എന്ന കുരുക്കിൽപ്പെട്ട ജീവിതത്തിൽ ശ്വാസം കിട്ടാതെ പിടയുന്നു. നമ്മൾ നമുക്കായി ജീവിക്കാൻ മറന്നുപോകുന്നു. മീനങ്ങാടി വീട്ടിൽ എത്തട്ടെ പണ്ട് ഓണക്കാലത്ത് പൂക്കൾ പൊട്ടിക്കാനായി നാടും വീടും കുന്നും മലയും ചുറ്റി നടന്നിരുന്ന കാലം! ഓരോ പുൽച്ചെടിയോടും പൂക്കളോടും സംസാരിച്ച് പൂക്കൾ പൊട്ടിച്ച് നടന്ന കാലം !ആ വഴിയൊക്കെ ഇനിയും നടക്കാൻ തോന്നുന്നു …നടക്കണം !വീടിനടുത്തായിട്ടുള്ള കാവ്!കാവിലെ കുളം! കുളത്തിലേക്ക് ചാഞ്ഞു വളർന്ന പേരയിൽപൊത്തിപ്പിടിച്ച് കേറുമ്പോൾ ദേവി ചേച്ചി പറയും സൂക്ഷിക്കണം കുട്ടി… ഇച്ചിരി ഒന്നുമല്ലല്ലോ കുറുമ്പ് കയ്യിൽ ഉള്ളത്.കുളത്തിൽ വീണാലേ എനിക്ക് നീന്താൻ ഒന്നുമറില്ലാട്ടോ… ദേവി ചേച്ചിയും അവരുടെ കുട്ടികളും അവിടം ഉപേക്ഷിച്ചു പോയെന്ന് ഒരിക്കൽ അമ്മ പറഞ്ഞു…
പിന്നെ കാടും മലയും കയറി ഇറങ്ങി ഉച്ചയ്ക്ക് ശുഭ ചേച്ചിയുടെ വീട്ടിലെത്തും. ഇനി വീട്ടിൽ എത്തിയിട്ട് എപ്പളാ കഴിക്കാ എന്ന് പറഞ്ഞ് ചൂട് ചോറും,തോരനും,തേങ്ങയരച്ച കുമ്പളങ്ങാക്കറിയും മോരും തരും. ഈ ഊണ് പ്രതീക്ഷിച്ചു തന്നെയാണ് പോണത്. ഊണ് കഴിച്ച് അവിടെയുള്ള പൂക്കളും പൊട്ടിച്ച് പിന്നെ പോണത് ജോർജേട്ടന്റെ തൊടിയിലേക്കാണ് …
അവിടെ ജോർജേട്ടൻ മാത്രമേയുള്ളൂ.മൂപ്പര് ഒരു പട്ടാളക്കാരനാണ് .മനസ്സിന് സുഖമില്ല എന്നും പറഞ്ഞ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കുട്ടിക്കാലത്ത് “ചൂടൻ ജോർജ്” എന്ന പേര് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിട്ടാണ് കുറുമ്പൻ മാരായ കുട്ടികളെ ഊട്ടുന്നതും, ഉറക്കുന്നതും. വേഗം തിന്നോളൂ… വേഗം ഉറങ്ങിക്കോ അല്ലെങ്കിൽ ചൂടൻ വരൂട്ടോ …വന്നാൽ അറിയാല്ലോ …വിഴുങ്ങി കളയും! എന്നാണ് അടുത്തുള്ള അമ്മമാരൊക്കെ കുഞ്ഞുങ്ങളെ പറഞ്ഞു പേടിപ്പിക്കുന്നത്. മൂപ്പരെ ഞങ്ങൾ ആദ്യം കാണുമ്പോൾ വലിയ വട്ടച്ചെമ്പിൽ നിറച്ചും വെള്ളം ഒഴിച്ച് അതിൽ ഒരു ഒറ്റ മുണ്ട് ഉടുത്ത് വട്ടച്ചെമ്പിലിരുന്ന് കുളിക്കുന്നതാണ്. ഞാനും സുനിയും (സുനിത എൻറെ കൂട്ടുകാരിയാണ്)കൂടെ ഒരു കമുകിൻ്റെ മറയെപ്പറ്റി ഒളിച്ചിരുന്നു.ഇനി കണ്ടാൽ നമ്മളെ ഉപദ്രവിക്കുമോ എന്ന് പേടിച്ചു! കുളി കഴിഞ്ഞ ജോർജേട്ടൻ കിണറ്റിൻകരയിലേക്ക് പോകാൻ നേരം ഞങ്ങൾ മറഞ്ഞിരുന്ന കമുകിൽ നിന്നും ഒരു പട്ട താഴേക്ക് വീണു!ശബ്ദം കേട്ട് ആ വശത്തേക്ക് നോക്കിയ ജോർജേട്ടൻ കാണുന്നത് ഓടുന്ന സുനിയേയും ആ പട്ടയിൽ തട്ടി അവൾ വീഴുന്നതും ആണ്. എൻറെ വായിൽ വെള്ളം വറ്റി ഒച്ചയെടുക്കാൻ ശബ്ദം പോലും ഇല്ലാതെ ശില പോലെ തരിച്ചു നിന്നു .ജോർജേട്ടൻ അടുത്ത് വന്നു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു .കരയണമെന്ന് തോന്നി ശബ്ദമില്ല! നിങ്ങൾ കോലംപറ്റ(തറവാട്ട് പേര് )യിലെ കുട്ടികൾ അല്ലേ എന്നും പറഞ്ഞു സുനിയെ നിലത്തുനിന്നും എണീപ്പിച്ചു. ഞാൻ കണ്ണ് തുറന്നു ഒന്ന് പറ്റിയില്ലാട്ടോ എന്നും പറഞ്ഞ് സുനിയെ സമാധാനിപ്പിക്കുന്നത് കേട്ട് സന്തോഷം തോന്നി..
ഞങ്ങൾക്ക് വേണ്ടി കരിക്ക് വെട്ടിത്തന്നു. പൂക്കൾ പൊട്ടിക്കാൻ സഹായിച്ചു. പിന്നെ അവിടുത്തെ സ്ഥിരം സന്ദർശകരായി ഞങ്ങൾ …ജോർജേട്ടൻ എല്ലാ ഓണക്കാലത്തും ഞങ്ങൾക്കായി കാത്തിരിക്കും.
ബിസ്ക്കറ്റ് തരും കരിക്ക് വെട്ടിത്തരും, കൊക്കോ പൊട്ടിച്ച് തരും, പൂക്കൾ പറിച്ചു തരും…..
അത്തം മുതൽ തിരുവോണം വരെ ഉത്സവം തന്നെ !തിരുവോണം കഴിഞ്ഞാൽ വല്ലാത്തൊരു സങ്കടമാണ് ….
ഇനി എന്ത് പറഞ്ഞ് ഊര് തെണ്ടും??പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പാണ്!സമയം പോയത് അറിഞ്ഞില്ല. വീട് എത്തി. അമ്മയോട് കുശലം ചോദിക്കുന്നതിനിടയിൽ ചോദിച്ചു അമ്മേ ജോർജേട്ടനെ കാണാൻ പോണം ട്ടോ …, നീ അറിഞ്ഞില്ലേ ജോർജേട്ടൻ മരിച്ചു! രണ്ടുമാസമായീ ലോ… ഇല്ല എന്ന് നിർവികാരതയോടെ എൻറെ മറുപടി കേട്ട് ,അമ്മ പറഞ്ഞു
ഞാൻ പറയാൻ വിട്ടുപോയി. നിങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ പോയതല്ലേ അവിടെയൊക്കെ…
പിന്നെ നീ ജോർജേട്ടനെ കുറിച്ച് ഒന്നും പറയുന്നതും അന്വേഷിക്കുന്നതും കേട്ടില്ല. അതായിരിക്കാം ഞാൻ മറന്നു പോയത്. കുഴഞ്ഞുവീണതാ…അറ്റാക്കാണെന്ന് പറഞ്ഞത്.
“ഞാൻ വൈകിപ്പോയി. അതെ! നമ്മൾ എല്ലാവരും എല്ലാ കാര്യങ്ങൾക്കും എല്ലാകാലത്തും വൈകി പോകുന്നു.”….
Leave a comment