വൃദ്ധസദനം എന്നത് ടി.വി കൊച്ചുബാവ 1996 ല്‍ എഴുതിയ ഒരു മലയാള നോവലാണ്. ഒരു വൃദ്ധസദനത്തിലെ അന്തേവാസികളുടെ മാനസിക വ്യാപാരവും ആന്തരികക്ഷോഭവുമാണ് ആ കൃതിയില്‍ ആവിഷ്ക്കരിച്ചത്. വൃദ്ധസദനം എന്ന സങ്കല്‍പ്പം തന്നെ അന്ന് മലയാളിയ്ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന് കമനീയമായ, പഞ്ചനക്ഷത്രസൌകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങളുടെ ഒരു വലിയ നിര തന്നെ നമുക്ക് ചുറ്റുമുണ്ട്. പരിചരിക്കുവാനും, ഉപചരിക്കുവാനും നിരവധി ഭൃത്യന്മാര്, ഭുജിക്കുവാൻ ഇഷ്ട വിഭവങ്ങള്‍, രമണീയമായ ശയ്യാഞ്ചങ്ങള്, നിരവധി വിനോദാപാധികള്‍, സ്വപ്നസദൃശ്യമായ ജിവിതം, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് വൃദ്ധസദനത്തില്‍ തന്നെ. എന്നാല്‍ ഒരു ചോദ്യം മനസ്സില്‍ തോന്നുന്നു.
“Was he free, was he happy,
The question is absurd,
Had anything been wrong,
We should certainly have heard”
W.H ഓഡന്റെ “The unknown citizen” എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. കാലികമായി ചിന്തിച്ചാല്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ സന്തുഷ്ടരായിരുന്നോ? അഹ്ലാദവാന്മാരും, അഹ്ലാദവതികളും അയിരുന്നോ? തിരക്കേറിയ ഭാതിക ജീവിതസാഹചര്യങ്ങള്‍, മാറുന്ന മത്സരാധിഷ്ഠിത സമൂഹം, പ്രകൃതി ചൂഷണം ഇവയൊക്കെ വൃദ്ധസദനങ്ങളുടെ ഉയര്‍ച്ചക്ക് നിദാനമാണ്. ഇന്ന് മലയാളികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 75 വയസ്സാണ്. വൃദ്ധരായ മാതാപിതാക്കളെ ജീവിത സായഹനത്തില് ആഫഹ്ഥാദത്തോടെ, സ്വമനസ്സാലെ സംരക്ഷിക്കുന്നതായിരുന്നു ഒരിക്കല്‍ മലയാളികളുടെ സാംസ്കാരിക ധന്യത. എന്നാല്‍ ഇന്ന് അത് സാധ്യത പ്രായമാണോ? ജീവിതോപാധികള്‍ തേടി സ്വന്തം മണ്ണില്‍ നിന്നും പാലായനം ചെയ്യേണ്ടിവരും. വൃദ്ധരായ മാതാപിതാക്കളെ തനിച്ചാക്കി പോയാല്‍ അവരുടെ സുരക്ഷിതത്വം ഒരു വെല്ലുവിളിയാകും. സ്വമനസ്സാലെ വൃദ്ധസദനങ്ങളെ ചേക്കേറാന്‍ താല്പര്യപ്പെടുന്ന ഒരു ന്യൂനപക്ഷവും ഉണ്ട്. കൂടുതല്‍ പേര് വൃദ്ധസദനങ്ങളെ ആശ്രയിക്കും. മറ്റുചിലര്‍ പരിമിതമായ ജീവിതസാഹചര്യങ്ങള്‍ തിരഞ്ഞെടുത്ത് സ്വന്തം മണ്ണിനോട് ചേര്ന്നുനില്ക്കും. ഇതിനൊരു മറുവശവുമുണ്ട്. എല്ലാ ജീവിത സാഹചര്യവും സമ്പത്തും അനുകൂലമായിട്ടും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കി സ്വന്തം കുടുംബവുമായി ഉല്ലസിച്ചു കഴിയുന്നവരുമുണ്ട്. ഇതിലേതാണ് ശരി ? ഏതാണ് തെറ്റ്? തെറ്റും ശരിയും തികച്ചും ആപേക്ഷികമാണ്.
മാതാപിതാക്കളുടെ വൈകാരികത, മാനസിക ഘടന, പ്രായം, ആരോഗ്യം, വരുമാനം, സംവേദന ക്ഷമത, എന്നിവയൊക്കെ കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുത്താല്‍ ആഹ്ലാദം ഒരു മിഥ്യയല്ല എന്ന ബോധം മനസ്സിനെ സ്വാംശീകരിക്കും.
Leave a comment