
ഓണമത്സരം
രണ്ടാം സമ്മാനാർഹമായ കഥ
അതൊരു ഓണക്കാലം ആയിരുന്നു. പൂക്കൾ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ .ശലഭങ്ങൾ കൂട്ടുകൂടി തേൻ തേടി പാറി നടന്നു. പൂമണം പരത്തുന്ന കാറ്റ് ചെറുതായി വീശിക്കൊണ്ടിരുന്നു . മാനത്തുനിറയുന്ന കാർമേഘങ്ങളിലേക്ക് നോക്കി അമ്മൂമ്മ പറഞ്ഞു , അത്തം കറുത്താൽ ഓണം വെളുക്കും. കുട്ടികളെല്ലാം അത്തം കറുക്കുവാൻ പ്രാർത്ഥിച്ചു. ഓണമൊന്നു വെളുത്തു കിട്ടണം.
പുതുവസ്ത്ര മണിയണം , പൂക്കളം നിരത്തണം, ഓണക്കളികൾ ആടണം , ഓണത്തപ്പനെ വരവേൽക്കാൻ ഊഞ്ഞാലും കെട്ടി ആടണം ,അപ്പോൾ ഓണം വെളുക്കുക തന്നെ വേണം .അച്ചാച്ചൻ ഓണപ്പാട്ടുകൾ പാടി പഠിപ്പിച്ചു. ‘കുട്ടികൾ ഓണത്തെ ഓർത്തോർത്ത് ഓണത്തെ കിനാവ് കണ്ട് ഉറങ്ങി.
ഉറക്കത്തിലായിരുന്നു മഴ പെരുങ്കാളിയാട്ടം ആടി തുടങ്ങിയത്. രൂപം മാറിയ മഴ നാടിനെ വിറപ്പിച്ച് ഉറഞ്ഞാടി .കുന്നും മലയും കിടുങ്ങുന്ന ഇടിമുഴക്കങ്ങൾ മുഴങ്ങി. അപ്പോഴും മാവേലിയുടെ വരവോർത്ത് കുഞ്ഞുങ്ങൾ ചിരിച്ചുറങ്ങി. അച്ഛനും അമ്മയും തണലായി തടയായ് അരികിൽ കിടന്നു. പ്രകൃതിയുടെ രൗദ്ര താണ്ഡവം പെട്ടെന്ന് ഉരുൾപൊട്ടലായി.അലറി പാഞ്ഞു വന്ന ചെളിയും പാറയും മലവെള്ളപ്പാച്ചിലും അച്ഛനെയും അമ്മയെയും കുഞ്ഞുങ്ങളെയും എടുത്തുകൊണ്ടുപോയി. തറവാട്ടിലേക്ക് വിരുന്നു പോയ അച്ഛാച്ചനും അമ്മൂമ്മയും ഓണപ്പാട്ടുകളും ബാക്കിയായി. ആരുടെയൊക്കെയോ കണ്ണുനീർത്തുള്ളികളും ……
Leave a comment