തക്ഷകൻ വേഷം മാറി വടക്കേപ്പുറത്ത് പതുങ്ങി കിടന്നപ്പോൾ വാതിൽ തുറന്ന ഭാമ ആദ്യം ചെയ്‌തത് ഒരു വടി സംഘടിപ്പിക്കുകയായിരുന്നു.
അവൻറെ കിടപ്പിലെ പരിതാപം കണ്ടു പിന്നീട് മനസ്‌താപം വന്ന് വടിയെടുത്ത് അടുക്കള മൂലയ്ക്ക് വെച്ച് ഒരു നീളൻ മാറാല ചൂലെടുത്ത് ചുരുണ്ടു കിടക്കുന്നതിന്റെ അപ്പുറത്ത് ചകിരി കുത്തിനിറച്ച ചാക്കിൽ ഒന്നുരണ്ട് കൊട്ട് കൊട്ടി ‘ .
ഞെട്ടിപ്പിടഞ്ഞ് എണീറ്റ് തക്ഷകൻ പല്ലിളിച്ചു കാട്ടി, ചുറ്റും നോക്കി ഒന്നു നീണ്ടുനിവർന്ന് വളഞ്ഞു ചുരുണ്ടു.
ഇല്ല ഫണം ഒന്നും ഉയർത്തി കണ്ടില്ല . പക്ഷേ മേലാസകലം പുള്ളി കുത്ത് ഉണ്ടല്ലോ ‘പിന്നെ പുളവനെ പോലെ തിടുക്കപ്പെട്ടു ഓടുന്നുമില്ല .
ഒരു മന്ദഗമനം.
ഇനി മറ്റാരെയെങ്കിലും വിളിക്കാന്നുവെച്ചാൽ ഇവൻ എവിടെ പതുങ്ങുന്നുമറിയില്ല.
കണ്ണും വെട്ടത്തു നിന്ന്‌മാറാതെ നിൽക്കുന്നതാ ബുദ്ധി പിന്നെ പോകുന്നിടം നോക്കി സമാധാനിക്കാലോ. ‘ അതാവഴിക്കങ്ങട് പോയീന്ന് ‘
ഇതിപ്പൊ പോണുല്ല്യ തല്ലിക്കൊല്ലാൻ കഴിയുന്നൂല്ല്യ.
മാറാല ചൂലുകൊണ്ട് അപ്പുറത്തിരിക്കുന്ന മാറാപ്പിൽ ഒന്ന് രണ്ട് മുട്ട് കൂടി മുട്ടിയപ്പോൾ അവൻ പിന്നെയും ഒന്നു നീണ്ടു നിവർന്ന് പിന്നെ വളഞ്ഞു തിരിഞ്ഞു ചുരുണ്ടു .
“എന്താപ്പോ പോണില്ലേ ‘
“എന്നെക്കൊണ്ട് വയ്യാട്ടോ ഇങ്ങനെ കാവൽ നിൽക്കാൻ “
‘എന്റെ കൃഷ്ണാ അടപ്പത്തിരിക്കുന്നത് കരിഞ്ഞ മണം വരണുണ്ട് “
ചക്ക വരട്ടി നെയ്യും കൂട്ടി ഒന്നു ചൂടാക്കി വിരകി കൊണ്ടിരിക്കുകയായിരുന്നു. ഒരു ചക്കപ്രഥമൻ ഉണ്ടാക്കാനുള്ള ഒരു പൂതി . ‘ അത് “സ്വാഹ ” . പക്ഷേ ഒന്നു -പോയി ഗ്യാസൊന്നു കെടുത്താൻ പോലും ധൈര്യം ഇല്ലല്ലോ
‘നിന്നെ നോക്കി നോക്കി ഗ്യാസും തീരാറായല്ലോ ‘കൃഷ്ണാ….
വല്ലാതെ കരിഞ്ഞ ചക്ക വരട്ടിയുടെ മണം സഹിക്കാതെയാണോ എന്തോ അവനൊന്നു തലയുയർത്തി.
ഒന്നു ചീറ്റി .
പിന്നെ ഒഴുകി ഒഴുകിവേലി പടർപ്പിലേക്ക് അലിഞ്ഞുപോയി.
Leave a comment