ഏറെ തണുപ്പുള്ള ആ മുറിയിൽ ഞാൻ എല്ലാവരെയും കണ്ടു. വെള്ളത്തുണികൊണ്ട് പൊതിഞ്ഞ എല്ലാ ശരീരങ്ങളിലേയും മുഖം വല്ലാതെ വികൃതമായിട്ടുണ്ടെങ്കിലും എനിക്ക് എല്ലാവരെയും മനസ്സിലാക്കാൻ പറ്റി. വല്യുമ്മയുണ്ട് എളാപ്പയുണ്ട്, എളാമ്മയുണ്ട്,ഞാനും കൂടാതെ എൻറെ ഇക്കാടെ ഓളും!
ഇന്ന് സ്കൂളിൽ പരീക്ഷയായിരുന്നു. ഉമ്മ പറഞ്ഞിട്ടുണ്ട് നല്ല കുട്ടിയായി പഠിച്ച് മാർക്ക് വാങ്ങിക്കുകയാണെങ്കിൽ ഗംഗാരേട്ടന്റെ കടയിൽനിന്ന് മുറുക്കി നോടൊപ്പം നിനക്കിഷ്ടമുള്ള ലയ്സ് പാക്കറ്റ് രണ്ടെണ്ണം വാങ്ങിച്ചോണ്ട്ന്ന്. എന്തായാലും രണ്ടെണ്ണം വാങ്ങിച്ചു. നാളെ അതിൽ ഒരു പാക്കറ്റ് കാശിക്ക് കൊടുക്കണം. ഓനെന്റെ നല്ല ചങ്ങായി ആണ്. ഓന് യൂട്യൂബ് ചാനലുണ്ട്,മാത്രമല്ല കൊറേ ഫോളോവേഴ്സ് ഉണ്ട്, കൊറേ ലൈക്കും ഷെയറും ഒക്കെ കിട്ടും. ഞാനും ഇക്കയും കൂടിയുള്ളള്ള ഫോട്ടോ ഇക്ക ഇക്കയുടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഇടാറുണ്ട്. പക്ഷേ കാശിയുടെ അത്ര ലൈക്ക് കിട്ടാറില്ല.ഞാൻ ഉപ്പാടെടുത്ത് പറഞ്ഞിട്ടുണ്ട്, ഉപ്പ ഗൾഫിൽ നിന്ന് വരുമ്പോൾ നിക്കൊരു മൊബൈൽ ഫോൺ കൊണ്ട് തരണമെന്ന്. ഉപ്പ സമ്മയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാ ഇനിയ്ക്ക് അപ്പള് ഇൻസ്റ്റാഗ്രാമില് അക്കൗണ്ട് എടുത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലേലും ഇക്കാക്ക് വലിയ സ്നേഹാണ് എന്നോട്. മിക്കപ്പളും ടൗണില് പോയി വരുമ്പോൾ എനിക്കിഷ്ടമുള്ള ടൊമാറ്റോ ചില്ലി ലയ്സ് കൊണ്ടുവരാറുണ്ട്. അതുപോലെന്നെ ഇക്കാൻറെ ബുള്ളറ്റിൽ ഇരുത്തി ടൗണിൽ ചുറ്റാൻ കൊണ്ടാവാറുണ്ട്. കഴിഞ്ഞ പെരുന്നാൾന് ഇക്ക എന്നെ ടൗണിൽ ഉള്ള തിയേറ്ററിൽ ആവേശം സിനിമ കാണാൻ കൊണ്ടുപോയ കഥ കാശിയോട് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു, എടാ ഞാനാണെങ്കിൽ അതൊരുദിവസത്തെ വ്ളോഗ് ആക്കിയേനേന്ന്. പുതിയ ഫോൺ ഉപ്പ കൊണ്ടുവന്ന് തരട്ടെ, അപ്പോ പെരുന്നാളും സിനിമയും, ഗംഗാരേട്ടൻറെ പിടിയേല് പോണതും സയൻസ് ടീച്ചർ തരുന്ന പ്രോജക്ടും, ചെടി നടിയിലും അങ്ങനെ അങ്ങനെ കുറേ വ്ളൊഗും,റീൽസും ഉണ്ടാക്കി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ ഇടണം. കാശിയെ പോലെ എനിക്കും കുറെയേറെ ഫോളോവേഴ്സ് വേണം.
ഇക്ക പുറത്തേക്ക് പോയി വന്നിട്ടുണ്ട് മുഖത്ത് എപ്പളും കാണണ പോലെയല്ല ഇച്ചിരി വല്ലായ്മ ഉണ്ട്. നിനക്ക് മന്തി കഴിക്കണോന്ന് ചോദിച്ചപ്പോൾ വലിയ സന്തോഷായി എനിക്ക്. വേഗം പോയി ഉപ്പ കഴിഞ്ഞതവണ ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന നീല കുപ്പായം ഇട്ടോടിവന്ന് ഇക്കാടൊപ്പം ബുള്ളറ്റിൽ കേറി. എനിക്കിഷ്ടമാണ് മന്തി പക്ഷേ കൊതിയുള്ളപ്പോൾ കഴിക്കാൻ കിട്ടാറില്ല എളാപ്പയുടെ മക്കളുടെ കൂടെ പുറത്തു പോകുമ്പോഴോ അല്ലെങ്കിൽ ഇക്ക ബുള്ളറ്റിൽ കയറ്റി ഞങ്ങൾ ചുറ്റാൻ പോകുന്നതിനിടയ്ക്ക് അങ്ങനെ വല്ലപ്പോഴും മാത്രേ കിട്ടാറുള്ളൂ. ബുള്ളറ്റിൽ കയറി ഇങ്ങനെ ഇക്കായെ ചുറ്റിപ്പിടിച്ചിരിക്കാൻ എനിക്ക് വലിയ ഇഷ്ടാണ്. വലുതായിട്ട് ഞാൻ ഒരു ബുള്ളറ്റ് വാങ്ങും.
“ഇക്കാ ഇങ്ങളെ ഞാൻ പുറകിൽ ഇരുത്തി ഒരു ദിവസം ഇതുപോലെ ടൗണില്ക്ക് കൊണ്ടോകും ട്ടോ… ന്ന്ട്ട് ഞാൻ നിങ്ങൾക്ക് മന്തി വാങ്ങിത്തരും”.
ഇത് പറഞ്ഞപ്പോൾ ഇക്ക ഒന്നും മിണ്ടിയില്ല. മൂപ്പരെന്തോ ചിന്തിച്ചോണ്ടിരിക്കാണ്.
ഇക്കാ എനിക്ക് സുറുബിയൻ മന്തി മതിയേ….ന്ന് പറഞ്ഞപ്പോ
“ഓ അയിനിപ്പോ ന്താ… നമുക്ക് വാങ്ങിക്കാലോന്ന്” ഇനിയ്ക്ക് സമാധാനായി!
ബുള്ളറ്റ് ഗംഗാരേട്ടന്റെ പീടികയും കഴിഞ്ഞ് ടൗണിൽ എത്തി. മന്തി കഴിച്ചു, സുർബിയൻ മന്തി തന്നെ! ഇനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ഇക്ക തിടുക്കപ്പെട്ട് പൈസ കൊടുത്തു, വീട്ടിലേക്ക് പോയാലോന്ന് എന്നോട് പറഞ്ഞു. ബുള്ളറ്റിൽ ഇരുന്നപ്പോൾ മുഴുവനും ആലോചിച്ചത് ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇക്കായോടൊപ്പം ഉള്ള ഈ യാത്രയും മന്തി തീറ്റയും ഒരു വ്ളോഗ് ആക്കിയാൽ നന്നായിട്ട് ഉണ്ടായിരിക്കും എന്നായിരുന്നു. വീട്ടിലെത്തി, ദാഹിക്കുന്നുണ്ട്. വെള്ളം കുടിക്കണം മന്തി കഴിച്ചു കൊണ്ടായിരിക്കണം നല്ല ദാഹം.
“മോനെ”… ഇക്ക വിളിക്കണ് ണ്ട് …
“മോനെ ഈ ഇക്കായോട് ക്ഷമിക്കണം.
ന്താപ്പത് ഇമ്മാതിരി പറച്ചിൽ പറയാൻ? ഇക്ക എന്താ കയ്യില് ചുറ്റികയൊക്കെ പിടിച്ചിട്ട്? ഞാൻ ആലോചിച്ചു,
ഇക്കായുടെ കയ്യിലെ ചുറ്റികകണ്ട് ഞാൻ വല്ലായ്മ യോടെ നോക്കി….
ആ ചുറ്റിക വളരെ വളരെ ശക്തിയായി എൻറെ മുഖത്തും കണ്ണിലും തലയിലും ശക്തിയോടെ വീണ്ടും വീണ്ടും വന്നടിച്ചു.
അതെന്റെ ഇക്ക അല്ല, ഇക്കായുടെ രൂപമുള്ള പിശാചാണ്!
ഞാൻ “ഇക്കാ…. ന്ന്,വിളിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു. ഇക്കാടെ മുഖമുള്ള ആ പിശാച് വീണ്ടും വീണ്ടും ശക്തിയായി തലയ്ക്കും മുഖത്ത് കണ്ണിലും അടിച്ചു….
ഏറെ തണുപ്പുള്ള ആ മുറിയിൽ നിന്നും ഡോക്ടർ പറയുന്നുണ്ടായിരുന്നു….
“തലയോട്ടി മുഴുവനും തകർന്നതോടൊപ്പം ഒരു കണ്ണ് ഉള്ളിലേക്ക് കേറിയിരിക്കുന്നു”….
വയറു കീറി പരിശോധിച്ച മറ്റേ ഡോക്ടർ പറയുന്നുണ്ട്
“കുട്ടിയുടെ വയറിലെ മന്തി ഇപ്പോഴും ദഹിച്ചിട്ടില്ല”!
Leave a comment